കൊച്ചിയുള്‍പ്പടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നൂതന വൈമാക്‌സ് സാങ്കേതം വഴിയുള്ള അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ആണ് നാലാം തലമുറ (4G) ഇന്റര്‍നെറ്റ് സേവനമായ മൊബൈല്‍ വൈമാക്‌സുമായി രംഗത്തു വരുന്നത്. രാജ്യത്ത് ബി.എസ്.എന്‍.എല്‍. വൈമാക്‌സ് സേവനം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം 27 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വ്വഹിക്കും.
വേള്‍ഡ് വൈഡ് ഇന്റര്‍ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് (WiMAX) എന്ന ഐ.പി. അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ഷനാണ് വൈമാക്‌സ്. ലഭ്യമായ വയര്‍ലെസ് കണക്ഷനുകളില്‍ ഏറ്റവും മികച്ചതും നവീനവുമായ സാങ്കേതികവിദ്യയാണിത്. വലിയ (20 MHz ബാന്‍ഡ്‌വിഡ്ത്ത്) സ്‌പെക്ട്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഈ സാങ്കേതം നിലവിലുള്ള 3G (5 MHz) യെ അപേക്ഷിച്ച് മികവുറ്റതാണ്. സാങ്കേതികമായി 72 Mbps വരെ വേഗമുള്ള വയര്‍ലെസ്സ് കണക്ഷനുകള്‍ വൈമാക്‌സ് വഴി സാധ്യമാണ്
കുറഞ്ഞ ചിലവില്‍ എപ്പോഴും കണക്ടഡ് ആയ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക. നാലാം തലമുറ സാങ്കേതികവിദ്യ എന്ന നിലയില്‍ 3G യെ അപേക്ഷിച്ച് മൂന്നു മടങ്ങ് മികച്ച സേവനമാണ് വൈമാക്‌സില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ വിനോദത്തിന് വലിയ സാധ്യതകളാണ് ഇത് മുന്നോട്ടു വെയക്കുന്നത്.
കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും തിരഞ്ഞെടുത്ത പട്ടണങ്ങളിലും വൈമാക്‌സ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് 900 ബേസിക് ട്രാന്‍സ്മിറ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 450 സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തെ 25 സ്‌റ്റേഷനുകള്‍ ഉത്ഘാടന ദിവസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മേഖലയില്‍ 100 കോടി രൂപയാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍. മുതല്‍ മുടക്കുന്നത്.
കേരളത്തിനകത്ത് ഒതുങ്ങുന്ന റോമിങ് സൗകര്യമേ ഇപ്പോള്‍ ഉണ്ടാവൂ. 37Mbps വേഗം വരെ ഇവിടെ സാധ്യമാണെങ്കിലും തുടക്കത്തില്‍ കുറഞ്ഞത് 512 Kbps വേഗം ഉറപ്പാക്കുന്നതും 2ങയു െവരെ വേഗം ലഭ്യമാക്കുന്നതുമായ രണ്ട് തരം കണക്ഷനുകള്‍ ഇവിടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് തരം കണക്ഷനുകള്‍ 999 രൂപയുടെ ഹോം പ്ലാനും 1999 രൂപയുടെ ബിസിനസ് പ്ലാനും ആണ്. രണ്ടും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യതയാണ് നല്‍കുക. ഹോം പ്ലാനിന് 5 എം.ബി. സ്ഥലമുള്ള 2 ഇമെയില്‍ വിലാസങ്ങളും ബിസിനസ് പ്ലാനിന് 5 ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കും. കണക്ഷനെടുക്കുമ്പോള്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കണം. ബിസിനസ് പ്ലാന് ഒരു സ്റ്റാറ്റിക് ഐ.പി. വിലാസം കൂടി ലഭിക്കും.
യു.എസ്.ബി., ഇന്‍ഡോര്‍ ടൈപ്പ് മോഡം, ഔട്ട്‌ഡോര്‍ ടൈപ്പ് മോഡം എന്നിങ്ങനെ ഉപഭോക്താവിന് മൂന്നുതരം അക്‌സസ് ഉപകരണങ്ങള്‍ ലഭ്യമാണ്. മോഡം വാടകയക്ക് എടുക്കാനുദ്ദേശിക്കുന്നവര്‍ യു.എസ്.ബി യ്ക്ക് 30 രൂപയും മോഡത്തിന് 40 രൂപയും പ്രതിമാസ വാടക നല്‍കിയാല്‍ മതി. ഇത് നിലവിലെ നിരക്കിനെ അപേക്ഷിച്ച് ലാഭകരമാണ്. മോഡം വിലയ്ക്ക് വാങ്ങുന്നവര്‍ യു.എസ്.ബി. യ്ക്ക് 2800 രൂപയും ഇന്‍ഡോര്‍ മോഡത്തിന് 4200 രൂപയും ഔട്ട്‌ഡോര്‍ മോഡത്തിന് 5000 രൂപയും നല്‍കണം.
കെട്ടിടങ്ങള്‍ നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ബേസ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ പരിധിയിലും, തടസങ്ങള്‍ കുറഞ്ഞ മേഖലകളില്‍ 8 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 15 കിലോമീറ്റര്‍ പരിധിയിലും വൈമാക്‌സ് സിഗ്‌നല്‍ ലഭ്യമാവുമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.
വൈമാക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് പ്രത്യേക ടെലിഫോണ്‍ കണക്ഷന്‍ ആവശ്യമില്ല. ഉയര്‍ന്ന വേഗമുള്ള ഫിക്‌സ്ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കു പുറമെ, വോയ്‌സ് ഓവര്‍ ഐ.പി., മൊബൈല്‍ ടിവി, മൊബൈല്‍ വീഡിയോ, മൊബൈല്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, ടെലിമെഡിസിന്‍, മൊബൈല്‍ ജിയോലൊക്കേഷന്‍ ആപ്ലിക്കേഷനുകള്‍, വീഡിയോ / ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍, വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിദൂര വിദ്യാഭ്യാസം, വെബ് 2 സര്‍വീസുകള്‍, ഓഡിയോ വീഡിയോ സ്ട്രീമിങ്, ഫിക്‌സ്ഡ് ടിവി ഓവര്‍ ഐ.പി. തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ വൈമാക്‌സ് വഴി ലഭ്യമാക്കാന്‍ കഴിയും.
No comments:
Post a Comment