Thursday, December 31, 2009

ചിന്നക്കടയോ,ചൈനാക്കടയോ!

കൊല്ലം: കൊല്ലം ജില്ലയ്ക്ക് അറുപതു തികയുമ്പോഴും ജില്ലയിലെ പല സ്ഥല നാമങ്ങളുടെയും ഉദ്ഭവം ഇന്നും തര്‍ക്ക വിഷയം. ഉദാഹരണത്തിനു ചിന്നക്കട. ചൈനാക്കാരുമായുള്ള വാണിജ്യബന്ധത്തില്‍ നിന്നു ചിന്നക്കട എന്ന പേര് ഉദ്ഭവിച്ചുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
അതല്ല, തമിഴ്നാട്ടിലെ കച്ചവടക്കാര്‍ ധാരാളമുണ്ടായിരുന്നതിനാല്‍ ചിന്ന(ചെറുത്) എന്ന തമിഴ്പദത്തില്‍ നിന്നു ചിന്നക്കട വന്നുവെന്നു മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ചിന്നക്കടയുടെ ഉദ്ഭവവും വളര്‍ച്ചയും ഈ രണ്ടു വാദഗതികളെയും സാധൂകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അന്തിമമായ തീരുമാനത്തിലെത്താന്‍ ചരിത്രകാരന്‍മാര്‍ക്കുപോലും സാധിച്ചിട്ടില്ല. ചീനച്ചട്ടി, ചീനക്കാരം, ചീനഭരണി എന്നിങ്ങനെയുള്ള പദങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനാല്‍ ചിന്നക്കടയും അങ്ങനെ രൂപംകൊണ്ടതാകാം. മാത്രമല്ല, കട എന്ന പദം ചൈനയുടേതാണെന്നു ഭാഷാശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു.
കൊല്ലത്തു ധാരാളം കടകള്‍ ഉണ്ടല്ലോ, വലിയകട, ചാമക്കട, കടപ്പാക്കട, പുള്ളിക്കട, മുക്കട, പായിക്കട എന്നിങ്ങനെ എത്രകടകള്‍! അപ്പോള്‍ ചൈനാക്കരല്ലേ ചിന്നക്കടയ്ക്കു കാരണമായതെന്നു തോന്നാം. 1990ല്‍ ഇന്ത്യന്‍ ബാങ്ക് കെട്ടിടത്തിന്റെ അടിത്തറ കുഴിച്ചപ്പോള്‍ ചൈനീസ് പാത്രങ്ങള്‍ ലഭിച്ചിരുന്നു. അവയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു പുരാവസ്തു ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ചൈനാവാദികള്‍ ചിന്നചിന്ന കാര്യങ്ങള്‍ ചേര്‍ത്തുവച്ചു ചിന്നക്കടയ്ക്കു വ്യാഖ്യാനം നല്‍കുന്നു.
അതേസമയം, വേണാട്ട് രാജാക്കന്മാര്‍ തമിഴ് കച്ചവടക്കാരെ ഇവിടെ കുടിയിരുത്തിയതിന്റെ ചരിത്രരേഖകള്‍ ചിന്നക്കട എന്ന പേരിന്റെ വരവിനെ മറ്റൊരു വഴിക്കു കൊണ്ടുപോകുന്നു. തമിഴന്‍മാരാണ് ഇവിടത്തെ കച്ചവടം നിയന്ത്രിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നു ചരക്കുകള്‍ ഇവിടെ എത്തിച്ചശേഷം മറ്റുള്ള സ്ഥലങ്ങളിലേക്കു വിതരണം ചെയ്യുകയായിരുന്നത്രേ.
മല കടന്ന് എത്തിയ തമിഴ്വ്യാപാരികള്‍ക്കു ചിന്നക്കട കേന്ദ്രസ്ഥാനമായിരുന്നു. അവരില്‍ മൊത്തക്കച്ചവടക്കാര്‍ ഇവിടെയാണു വാസമുറപ്പിച്ചത്. ആണ്ടാമുക്കം വാര്‍ഡില്‍ തമിഴര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. നഗരത്തിന്റെ മാറ്റത്തിനനുസരിച്ച് അവര്‍ മറ്റു ഭാഗങ്ങളിലേക്കു
മാറിയിരിക്കുന്നു. പേരിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും ജില്ലയില്‍ വലിയ കച്ചവടകേന്ദ്രമെന്ന കാര്യത്തില്‍ ചിന്നക്കടയുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

No comments:

Post a Comment